വാഷിംഗ്ടൺ: ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്താൻ അനുവദിക്കില്ലെന്ന് ക്വാഡ് കൂട്ടായ്മ. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ചുള്ള പ്രസ്താവന പുറത്തു വന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്കിലാണ് ക്വാഡ് ഉച്ചകോടി നടന്നത്.
ഒരു രാജ്യവും ഭീകര സംഘടനകൾക്ക് സൈനിക സഹായം നൽകരുതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ക്വാഡ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കൂടാതെ ഒരു രാജ്യത്തെയും ആക്രമിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്നും ഭീകരർക്ക് പരിശീലനവും പണവും അഫ്ഗാനിസ്ഥാൻ വഴി നൽകരുതെന്നും ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ താലിബാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിലെ സാധാരണ പൗരൻമാർക്കൊപ്പമാണ് സംഘടന നിലകൊള്ളുന്നതെന്നും അഫ്ഗാൻ വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതിനുള്ള സൗകര്യമൊരുക്കാൻ തയ്യാറാവണമെന്നും കൂട്ടായ്മ താലിബാനോട് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ ചേർന്ന ക്വാഡ് രാഷ്ട്രത്തലവൻമാരുടെ യോഗത്തിൽ ബൈഡനും മോദിക്കുമൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരും പങ്കെടുത്തു.
Read also: അഫ്ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുത്; താലിബാനോട് ഇന്ത്യയും യുഎസും







































