പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു. പട്‌നയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
ലാലു പ്രസാദ് യാദവിനോട് ബുധനാഴ്‌ച ഹാജരാകാൻ ഇഡി സമൻസ് നൽകി. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നൽകിയതിന് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് ഭൂമി പ്രതിഫലമായി നൽകിയെന്നാണ് കേസ്. ലാലുവും ഭാര്യ റാബ്‌റിയും ഉൾപ്പടെ 16 പേർക്കെതിരെ സിബിഐ കേസുമുണ്ട്.
കേന്ദ്ര റെയിൽവേ മന്ത്രി ആയിരിക്കെ നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർഥികളിൽ നിന്നും തുച്ഛമായ വിലയ്‌ക്ക് ലാലു പ്രസാദ് യാദവ് കുടുംബാംഗളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നാണ് കേസ്. ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ഭൂമിയിടപാടുകൾ സിബിഐ കണ്ടെത്തിയിരുന്നു.
അതേസമയം, കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ തങ്ങളെ ബോധപൂർവം ബുദ്ധിമുട്ടിക്കുകയാണെന്ന് റാബ്‌റി ദേവി പ്രതികരിച്ചു, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം കേസുകൾ പൊക്കിക്കൊണ്ട് വരുന്നത് പതിവാണെന്നും നീതിന്യായ വ്യവസ്‌ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും റാബ്‌റി ദേവി പ്രതികരിച്ചു. കേസിൽ, നേരത്തെയും ഇവരെ സിബിഐ ചോദ്യം ചെയ്‌തിരുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി






































