ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർലമെന്റിലേക്ക് ട്രാക്‌ടറോടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാക്‌ടറിൽ യാത്ര ചെയ്‌താണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് എംപിമാരായ ദീപേന്ദര്‍ ഹൂഡ, രവ്നീത് സിംഗ് ബിട്ടു, പ്രതാപ് സിംഗ് ബജ്വ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക’, ‘കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കുക’ തുടങ്ങിയ പ്ളക്കാര്‍ഡുകളും എംപിമാർ ഉയർത്തിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്‌ദം പാര്‍ലമെന്റിൽ എത്തിക്കുക എന്നതാണ് യാത്രയിലൂടെ താൻ ഉദ്ദേശിച്ചതെന്ന് രാഹുല്‍ പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെ കാര്‍ഷിക വിഷയങ്ങളുയർത്തി പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു.
Read also: പ്രതിപക്ഷ ഐക്യം ലക്ഷ്യം; മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനം ഇന്ന്







































