ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് എക്‌സിറ്റ് പോളുകളുടെ മറവിൽ ഓഹരി വിപണിയിൽ ബിജെപി നേതാക്കൾ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നും, ഇത് ഓഹരി കുംഭകോണം ആണെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുതിർന്ന ബിജെപി നേതാവ് പീയുഷ് ഗോയൽ.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം താങ്ങാൻ കഴിയാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിർമല സീതാരാമനും തിരഞ്ഞെടുപ്പ് കാലത്ത് ഓഹരി വിപണിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനേറ്റ പരാജയത്തിൽ നിന്ന് രാഹുലിന് ഇതുവരെ പുറത്തുവരാനായിട്ടില്ല. നിക്ഷേപകരെ കബളിപ്പിക്കാനാണ് രാഹുൽ ഇപ്പോൾ ശ്രമിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ പ്രധാന സാമ്പത്തിക ശക്‌തിയായി ഇന്ത്യ മാറിയിരിക്കുകയാണ്. വലിയ വളർച്ചയുള്ള സമ്പദ്‌വ്യവസ്‌ഥയാണ് ഇന്ത്യയുടേതെന്ന് ലോകം തന്നെ അംഗീകരിക്കുന്നു. നിക്ഷേപകരെ വഴിതെറ്റിക്കുന്നതിനായി രാഹുൽ തന്ത്രങ്ങൾ മെനയുകയാണെന്നും പീയുഷ് ഗോയൽ പറഞ്ഞു.
എക്‌സിറ്റ് പോളുകളുടെ മറവിൽ ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടന്നെന്ന ആരോപണവുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. എക്‌സിറ്റ് പോൾ ഫലം പുറത്തുവരുന്നതിന് തലേദിവസം ഓഹരി വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വലിയതോതിൽ നിക്ഷേപം നടത്തുകയായിരുന്നു. എന്നാൽ, ജൂൺ നാലിന് ഓഹരി വിപണി മാർക്കറ്റ് ഇടിയുമെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. ഇതിലൂടെ പ്രധാനമന്ത്രിക്ക് അറിയാവുന്ന പലർക്കും വൻ നേട്ടമുണ്ടായെന്നും രാഹുൽ ആരോപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആഭ്യന്തര മന്ത്രിയും നേരിട്ട് വന്ന് ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതിനെ തുടർന്നാണ് 31ന് ഓഹരി വിപണിയിൽ നിക്ഷേപമുണ്ടായത്. ജൂൺ ഒന്ന് മുതൽ നാലാം തീയതി വൈകിട്ടുവരെ ഓഹരി വിപണിയിൽ ഈ കുതിപ്പ് നിലനിന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിറകെ മാർക്കറ്റ് ഇടിയുകയായിരുന്നു. അവിടെ ചെറുകിട കച്ചവടക്കാർക്ക് കോടികൾ നഷ്‌ടം വന്നു. ഇതിൽ അഴിമതി ഉണ്ടെന്നാണ് രാഹുലിന്റെ ആരോപണം.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ