തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിച്ചു. പോലീസിന്റെ ശക്‌തമായ എതിർപ്പ് അവഗണിച്ചാണ് കോടതി ഇളവ് നൽകിയത്.
നവംബർ 13 വരെ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്‌റ്റിലായ രാഹുലിന് എല്ലാ തിങ്കളാഴ്‌ചയും മ്യൂസിയം സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്‌ഥയുടെ കോടതി അടുത്തിടെ ജാമ്യം നൽകിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭയിൽ യുഡിഎഫ് സ്‌ഥാനാർഥിയായതോടെ തിരുവനന്തപുരത്തെത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന് കാട്ടിയാണ് ജാമ്യവ്യവസ്‌ഥയിൽ ഇളവ് തേടി രാഹുൽ കോടതിയെ സമീപിച്ചത്.
എന്നാൽ, ഇളവ് അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും രാഹുൽ കുറ്റകൃത്യം ആവർത്തിക്കുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മ്യൂസിയം പോലീസ് ചൂണ്ടിക്കാട്ടി. കന്റോൺമെന്റ്, അടൂർ സ്‌റ്റേഷനുകളിൽ രാഹുലിനെതിരെ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
ഒക്‌ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്ന് മ്യൂസിയം പോലീസാണ് രാഹുലിനെതിരെ കേസെടുത്തത്. റിമാൻഡ് സമയത്ത് 29ആം പ്രതിയായിരുന്ന രാഹുലിനെ പിന്നീട് ഒന്നാംപ്രതിയാക്കി പോലീസ് കോടതിയിൽ പുതിയ റിപ്പോർട് സമർപ്പിക്കുകയായിരുന്നു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!







































