തിരുവനന്തപുരം: തോരാമഴയിൽ മുങ്ങി തിരുവനന്തപുരം ജില്ല. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മുക്കോലയ്‌ക്കലിൽ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്‍മാർട്ട് സിറ്റി റോഡുപണി പൂർത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
വെള്ളത്തിനടിയിൽ കോൺക്രീറ്റ് കമ്പികളടക്കം കിടപ്പുണ്ട്. തൊടുകളടക്കം കരകവിഞ്ഞു ഒഴുകുകയാണ്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നഗരസഭാ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ശക്‌തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊൻമുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കഴക്കൂട്ടം, ഗൗരീശപട്ടം അടക്കമുള്ള താഴ്‌ന്ന പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്. തിരുവനന്തപുരത്ത് ഖനന പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കൂടാതെ, തീരപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും വിനോദസഞ്ചാരം നിരോധിച്ചു. പത്തനംതിട്ട ജില്ലയിൽ രാത്രിയാത്രാ നിരോധനവും ഏർപ്പെടുത്തി.
അതേസമയം, സംസ്‌ഥാനത്ത് അതിശക്‌തമായ മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ്, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ഒഴികെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും