ജലത്തിൽ മുങ്ങിയ ഒരു വനം. മഞ്ഞുകാലമാകുമ്പോൾ ഇങ്ങോട്ടേക്കെത്തുന്ന സഞ്ചാരികൾക്ക് അപൂർവമായൊരു കാഴ്‌ച കാണാം. കാട്ടിലെ വെള്ളത്തിൽ കലർന്ന് കിടക്കുന്ന മഴവിൽ നിറങ്ങൾ. കണ്ണിനും മനസിനും കുളിർമയേകുന്ന തികച്ചും മാന്ത്രികമായ അനുഭവമെന്നാണ് ഇത് കാണുന്നവർ ഇതിനെ വിശേഷിപ്പിക്കുന്നത്.
യുഎസിലെ വെർജീനിയ സംസ്‌ഥാനത്തുള്ള ഒരു ചതുപ്പുകാടാണ് റെയിൻബോ സ്വാംപ്. ബാൾഡ് സൈപ്രസ് എന്ന വിഭാഗത്തിൽപ്പെട്ട മരങ്ങൾ നിറഞ്ഞ കാടാണ് റെയിൻബോ സ്വാംപ്. ഫസ്‌റ്റ് ലാൻഡിങ് സ്‌റ്റേറ്റ് പാർക്ക് എന്ന ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഈ ചതുപ്പുകാട്. 1607ൽ ഇംഗ്ളീഷ് കോളനി സംഘങ്ങൾ ആദ്യമായി ഇവിടെയെത്തിയതിന്റെ ഓർമയ്‌ക്കായാണ് ഫസ്‌റ്റ് ലാൻഡിങ് സ്‌റ്റേറ്റ് പാർക്ക് എന്ന് ഈ ഉദ്യാനത്തിന് പേര് ലഭിച്ചത്.
മഴവിൽ കാഴ്‌ച മഞ്ഞുകാലത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റു സമയങ്ങളിലെല്ലാം ഈ കാട് മറ്റേതൊരു ചതുപ്പുനിലത്തെയും അനുസ്‍മരിപ്പിക്കും. മഞ്ഞുകാലത്ത് ഈ ചതുപ്പിൽ മരങ്ങളുടെ ഇലകൾ വീണ് അഴുകുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. സൈപ്രസ് മരങ്ങളിൽ നിന്നുള്ള സൂചിപോലെയുള്ള ഇലകൾ ചതുപ്പിൽ വീണഴുകും. ഇതിലേക്ക് സൂര്യപ്രകാശം ചില പ്രത്യേക കോണിൽ പതിക്കുമ്പോഴാണ് മനോഹരമായ മഴവിൽക്കാഴ്‌ച ഈ കാട്ടിൽ ഉടലെടുക്കുന്നത്.
ബാൾഡ് സൈപ്രസ് മരങ്ങളുടെ ഇലകളിൽ ചില പ്രത്യേക എണ്ണകളുണ്ട്. ഇലകൾ അഴുകുമ്പോൾ ഇവ വെള്ളത്തിലേക്ക് കലരും. ഇത് വെള്ളത്തിന് മുകളിൽ ഒരു പാട പോലെ കിടക്കും. വെള്ളത്തിൽ എണ്ണ വീഴുമ്പോൾ മഴവിൽ നിറങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ടാകുമല്ലോ. അതാണ് ഇവിടെയും സംഭവിക്കുന്നത്. മഴവിൽക്കാഴ്‌ച കാണാൻ നിരവധിപേർ മഞ്ഞുകാലമായാൽ ഇവിടേക്ക് എത്താറുണ്ട്.
Most Read| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം