ജയ്പൂർ: രാജസ്ഥാനിലെ നഗര പ്രാദേശിക സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ മുന്നേറ്റം. കോൺഗ്രസ് 620 സീറ്റുകൾ നേടിയപ്പോൾ , ബിജെപി 548, സ്വതന്ത്ര സ്ഥാനാർഥികൾ 595 സീറ്റ് എന്നിങ്ങനെയാണ് കക്ഷിനില.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട കോൺഗ്രസ് നഗരസമിതിയിൽ അധികാരത്തിൽ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 50 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1,775 വാർഡ് കൗൺസിലർ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
12 ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി) ഏഴ് സീറ്റുകൾ, രണ്ട് വീതം സീറ്റുകളിൽ സിപിഐ, സിപിഐ (എം), ഒരു സീറ്റിൽ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവരാണ് വിജയിച്ച മറ്റു കക്ഷികളെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് പറഞ്ഞു.
ആകെ 2,622 പോളിങ് ബൂത്തുകളാണ് തയറാക്കിയിരുന്നത്. 14.32 ലക്ഷം വോട്ടർമാരാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ആകെ 7,249 സ്ഥാനാർഥികൾ മൽസര രംഗത്തുണ്ടായിരുന്നു. ഡിസംബർ 20നാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്. 21ന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും നടക്കും.
Read Also: അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമം പിൻവലിക്കൂ; മോദിയോട് പ്രകാശ് രാജ്






































