വർക്കല: കേരളത്തിൽ ബദൽ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കേരളത്തിൽ ബദൽ ഭരണത്തിന് യോഗ്യത ബിജെപിക്ക് മാത്രമാണ്. എൽഡിഎഫും യുഡിഎഫും നൽകുന്നത് വ്യാജ വാഗ്‌ദാനങ്ങളാണ്. നൽകിയ വാഗ്‌ദാനങ്ങളിൽ ഏതെല്ലാം പാലിച്ചുവെന്ന് എൽഡിഎഫ് വ്യക്‌തമാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ രാജ്‌നാഥ് സിംഗ് ഇന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർഥി അജി എസ്ആർഎമ്മിന് വേണ്ടി റോഡ് ഷോ നടത്തും. വർക്കല താലൂക്ക് ഹോസ്‌പിറ്റൽ ജംഗ്‌ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വർക്കല റെയിൽവേ സ്‌റ്റേഷൻ ജംഗ്‌ഷനിൽ സമാപിക്കും.
റോഡ് ഷോക്ക് ശേഷം വർക്കല ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്‌പാർച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചക്ക് 12.25ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി എൻ ഹരിക്ക് വേണ്ടി പാമ്പാടി ബസ് സ്‌റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും.
തൃശൂർ ഇരിങ്ങാലക്കുടയിലെ ബിജെപി സ്‌ഥാനാർഥി ജേക്കബ് തോമസിന്റെ പ്രചരണാർഥം നടക്കുന്ന പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത് എറണാകുളത്ത് ബിജെപി സ്‌ഥാനാർഥി പത്‌മജ എസ് മേനോന്റെ റോഡ് ഷോയിലും പങ്കെടുത്ത ശേഷം രാത്രിയോടെ അദ്ദേഹം ഡെൽഹിയിലേക്ക് മടങ്ങും.
Read also: പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി








































