ന്യൂഡെൽഹി: സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്‌താവന ഇന്നുണ്ടാകില്ല. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്‌ടർ അപകടവുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ രാജ്‌നാഥ് സിങ് പരസ്യ പ്രസ്‌താവന നടത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ പരിക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച പൂർണ വിവരങ്ങൾ ല്യമായ ശേഷം മാത്രം പ്രസ്‌താവന നടത്താമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു മന്ത്രി.
ഇതിനിടെ രാജ്‌നാഥ് സിങ് ജനറൽ ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. സൈനിക ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ട അപകടങ്ങൾ നടന്നാൽ കുടുംബത്തെ അറിയിക്കുക എന്നതാണ് കീഴ്‌വഴക്കം. ഇതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി റാവത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 11 ആയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പതിനൊന്ന് മൃതദേഹങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന് കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ വ്യോമസേനയുടെ എഫ്‌എംഐ- 17V എന്ന ഹെലികോപ്‌ടർ ആണ് തകർന്നുവീണത്.
അപകടത്തിൽ റാവത്തിന്റെ ഭാര്യ ഉൾപ്പടെ 11 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്. എന്നാൽ, മരണസംഖ്യ എത്രയാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണം പുറത്തുവന്നിട്ടില്ല. റാവത്തിനെ വില്ലിങ്‌ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
Also Read: ‘കെ- റെയിലിന് അന്തിമ അനുമതി ഉടൻ നൽകണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി