സമൂഹ മാദ്ധ്യമങ്ങൾ നമ്മുടെ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഘട്ടത്തില്‍ വീണ്ടുമൊരു റമളാന്‍ എത്തിയിരിക്കുന്നു. ആരധനാ കര്‍മങ്ങളില്‍ സജീവമാകുന്നവര്‍ പോലും സാമൂഹ്യ മാദ്ധ്യമങ്ങളുടെ കെണിയില്‍ പെട്ടുപോകുന്നുവെന്ന ദുരന്തമുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും മുന്‍കരുതലും ഉണ്ടാവേണ്ടതുണ്ട്.
ഇസ്ലാമിന്റെ ഏറ്റവും പ്രധാന പാഠങ്ങളിലൊന്ന് ഒപ്പമുള്ളവരുടെ അഭിമാനം സംരക്ഷിക്കുക എന്നതാണ്. മറ്റുള്ളവര്‍ക്ക് കരുതല്‍ നല്‍കാതെ മതവും വ്രതവുമില്ല. അന്യന്റെ അഭിമാനത്തിന് ഭംഗം വരുന്ന ഒന്നും ഉണ്ടായിക്കൂട.
ആഭാസങ്ങളും കൊലവിളികളും സംസ്കാരമുള്ള മനുഷ്യര്‍ക്ക് യോജിച്ചതല്ല. താല്ക്കാലികമായ വൈകാരിക പ്രകടനങ്ങള്‍ ആഴത്തിലുള്ള മുറിവാണ് സൃഷ്ടിക്കുക. ചെറിയ തര്‍ക്കങ്ങള്‍ പോലും ക്രൂരമായ കൊലയിലേക്ക് എത്തിക്കുന്നത് നാം കണ്ടതാണല്ലോ.
സാമൂഹ്യ മാദ്ധ്യമങ്ങളുടെ സ്വാധീനവും ശക്തിയും ഇക്കാലത്ത് നമ്മുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നമ്മള് മുഴുവന്‍ സമയവും കോടാനുകോടി ജനങ്ങളുടെ നടുവിലാണ്. ഈ ബോധമില്ലാതെ പെരുമാറിയാല്‍ തിൻമകളുടെ വ്യാപ്തി കൂടും.
നാം ഉദ്ദേശിക്കാത്ത രൂപത്തിലും ഭാവത്തിലുമാണ് നമ്മുടെ ലൈക്കും കമന്റുമൊക്കെ എത്തിപ്പെടുക. ഒരു തീപ്പൊരി മതി എല്ലാം നശിപ്പിക്കാന്‍. രാഷ്ട്രീയത്തിലും മതത്തിലുമൊക്കെയുള്ള ആരോഗ്യപരമായ സംവാദങ്ങള്‍ക്കപ്പുറം പോയാല്‍ കൈവിട്ടുപോകും.
ഈ വിശുദ്ധ റമളാനില്‍ നാമെടുക്കേണ്ട ആദ്യ തീരുമാനം മറ്റൊരാളുടെയും അഭിമാനത്തെ ഹനിക്കുന്ന ഒന്നും ഉണ്ടാവില്ല എന്നതാണ്. വാസ്തവ വിരുദ്ധമായതൊന്നും പ്രചരിപ്പിക്കില്ല, ഉറവിടം വ്യക്തമല്ലാത്ത, മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു വാക്കും തന്നില്‍ നിന്നുണ്ടാവില്ല എന്നുറപ്പാക്കുക.
ഇത് വലിയൊരു ധര്‍മമാണ്. വ്യക്തി ജീവിതത്തിലും പൊതു ഇടങ്ങളിലും കൈമോശം വന്നുപോയ വിവേകം തിരിച്ചു പിടിക്കാനുള്ള നല്ല അവസരമാണ് നോമ്പു കാലം; കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തന്റെ റമളാന്‍ സന്ദേശത്തിൽ പറഞ്ഞു.
Most Read: മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിൻകുട്ടി; ദൈവമായി കണ്ട് ആരാധിച്ച് ഒരു ഗ്രാമം








































