തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയില്‍ വഴിത്തിരിവ്. സ്വപ്നക്ക് 5 ഐഫോണുകള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും അത് ആര്‍ക്കാണ് കൈമാറിയതെന്ന് അറിയില്ലെന്നും ഇന്ന് നല്കിയ മൊഴിയില്‍ സന്തോഷ് ഈപ്പന് പറഞ്ഞു. നേരത്തെ ഹൈക്കോടതിയില്‍ നല്കിയ ഹരജിയിലാണ് ചെന്നിത്തലയുടെ പേര് പരാമര്‍ശിച്ചത്. എന്നാല്‍ വിജിലന്‍സിനു നല്കിയ മൊഴിയില്‍ ഇത് തിരുത്തുകയായിരുന്നു.
സന്തോഷ് ഈപ്പനെതിരെ അപകീര്‍ത്തി കേസ് നല്‍കിയതിന് പിന്നാലെയാണ് ചെന്നിത്തലക്ക് ആശ്വാസമായി പുതിയ മൊഴി പുറത്തുവന്നത്. സന്തോഷ് മൊഴി പിന്‍വലിച്ച് ഒരു മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഐഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്ന് കണ്ടെത്തുന്നത് വരെ പോരാട്ടം തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. മൊഴിക്ക് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചു. മാപ്പപേക്ഷ മൂന്നു പ്രമുഖ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം, രണ്ടാഴ്ചക്കകം നടപടിയുണ്ടാകണം. ഹൈക്കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ച് പുതിയ സത്യവാങ്മൂലം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.






































