ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്‌ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടതായി റിപ്പോർട്. എന്നാൽ, ഇരുവരുടെയും മരണം ഇറാൻ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
ടെഹ്റാനിൽ മാത്രം ആറ് സ്‌ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ളാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ഓപ്പറേഷൻ റൈസിങ് ലയൺ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്‌ച പുലർച്ചെ ഇറാനിൽ സ്‌ഫോടന ശബ്‌ദം കേട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
അതിനിടെ, ഇറാനിൽ കടുത്ത ആഘാതം വിതച്ച ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്തെത്തി. ഇസ്രയേൽ സ്വയം കയ്‌പ്പേറിയതും വേദനാജനകവുമായ വിധി നിർണയിച്ചിരിക്കുകയാണെന്നും അത് അവർക്ക് ലഭിച്ചിരിക്കുമെന്നും ഖമനയി പറഞ്ഞു. ഇസ്രയേലിലെ സയണിസ്‌റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിക്കണമെന്നും ഖമനയി മുന്നറിയിപ്പ് നൽകി.
‘മഹത്തായ ഇറാനിയൻ ജനതയ്‌ക്ക്’ എന്ന് പറഞ്ഞുകൊണ്ടാണ് ഖമനായി സന്ദേശം ആരംഭിക്കുന്നത്. ”സയണിസ്‌റ്റ് ഭരണകൂടം അതിന്റെ ദുഷിച്ചതും രക്‌തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ഒരു കുറ്റകൃത്യം നടത്തി. താമസ സ്‌ഥലങ്ങളടക്കം അക്രമിച്ചതിലൂടെ അതിന്റെ ദുഷ്‌ട സ്വഭാവം കൂടുതൽ വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുകയാണ്. ഇതിനുള്ള കടുത്ത പ്രതികരണം ഇസ്രയേൽ ഭരണകൂടം കാത്തിരിക്കണം”- ഖമനയി പറഞ്ഞു.
ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്‌ഥരും ആണവ ശാസ്‌ത്രജ്‌ഞരും കൊല്ലപ്പെട്ടതായും ഖമനായി സ്‌ഥിരീകരിച്ചു. ”ആക്രമണങ്ങളിൽ നിരവധി കമാൻഡർമാരും ശാസ്‌ത്രജ്‌ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിൻഗാമികളും സഹപ്രവർത്തകരും ഉടൻ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം”- ഖമനായി പറഞ്ഞു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































