ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും. അറസ്‌റ്റിലായ പ്രതികളിൽ നിന്നുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളിലെ സൂചനകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുടെ അറസ്‌റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു.
രഞ്‌ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ പ്രതികളെ തേടിയുള്ള അന്വേഷണം കേരളത്തിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികളെ ഉടൻ കണ്ടുപിടിക്കാനാകുമെന്ന ആത്‌മവിശ്വാസത്തിലാണ് പോലീസ്. സിസിടിസി ദൃശ്യങ്ങളിൽ നിന്ന് നിർണായക സൂചനകൾ പോലീസിന് ലഭിച്ചുകഴിഞ്ഞു. ഇന്നലെ അറസ്‌റ്റ് രേഖപ്പെടുത്തിയ ആലപ്പുഴ സ്വദേശികളായ അനൂപ്, റസീബ് എന്നിവരിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായതായാണ് വിവരം.
അതേസമയം, രഞ്‌ജിത്തിന്റെ വീട് ബിജെപി ദേശീയ വക്‌താവും ചലച്ചിത്ര താരവുമായ ഖുശ്‌ബു സന്ദർശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്ന് ഖുശ്‌ബു ആവശ്യപ്പെട്ടു. രഞ്‌ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ടും ആസൂത്രണത്തിൽ പങ്കുള്ളവരുമായ ഏഴ് പേർ പോലീസ് കസ്‌റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്. റെയ്‌ഡുകളും പരിശോധനകളും തുടരുന്നുണ്ട്.
Also Read: അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം; നിരീക്ഷണം ശക്‌തമാക്കി പോലീസ്







































