കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിജയ് ബാബുവിനെതിരെ നീക്കങ്ങൾ ശക്തമാക്കി പോലീസ്. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് വിജയ് ബാബു കാര്യങ്ങൾ കൊണ്ടുപോകുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറയുന്നു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ല. നിയമത്തെ ഒഴിവാക്കിയുള്ള വിജയ് ബാബുവിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു.
വിജയ് ബാബു ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നതായാണ് വിവരം. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി പോലീസ് ഉടൻ ഇന്റർപോളിനെ സമീപിക്കും. മെയ് 19ന് പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് മുൻപാകെ ഹാജരാകാമെന്ന് നേരത്തെ വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളു എന്നുമായിരുന്നു വിജയ് ബാബു അറിയിച്ചത്.
ഈ സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ജോര്‍ജിയയിലേക്ക് കടന്നതായി വിവരം ലഭിച്ചത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന.
Most Read: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിക്ക് നോട്ടീസ്








































