കോയമ്പത്തൂർ: അധ്യാപകന്റെ പേരെഴുതിവെച്ച ശേഷം പ്ളസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ മിഥുന്റെ പേരെഴുതി വെച്ചാണ് 17കാരിയായ പെൺകുട്ടി തൂങ്ങിമരിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
അധ്യാപകൻ പെൺകുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്തു. ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ളാസിന്റെ പേരിൽ വിദ്യാർഥിനിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിച്ചെന്നാണ് വിവരം. പെൺകുട്ടി സംഭവം സ്കൂൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയതിയതോടെ ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പലിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഇതോടെ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി പെൺകുട്ടി അടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു. സംഭവത്തിന് ശേഷം മാനസികമായി തളർന്ന പെൺകുട്ടിക്ക് പുതിയ സ്കൂൾ അധികൃതർ കൗൺസിലിങ് അടക്കം നൽകിയിരുന്നു. അധ്യാപകന്റെ ലൈംഗികാതിക്രമവും ആവർത്തിച്ചുള്ള പീഡനവും കാരണം പെൺകുട്ടി മാനസിക വിഷമത്തിലായിരുന്നു എന്ന് സുഹൃത്തുക്കളും മാതാപിതാക്കളും ആരോപിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടിൽ തനിച്ചായ പെൺകുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്ത് ഫോൺ എടുത്തില്ല. തുടർന്ന് ഏഴ് മണിയോടെ സുഹൃത്ത് തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ സുഹൃത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പിതാവിനെ വിവരമറിയിക്കുകയായിരുന്നു. ഇരുവരും ചേർന്നാണ് അകത്ത് നിന്ന് പൂട്ടിയ മുറിക്കുള്ളിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ആർഎസ് പുരം ഓൾ വിമൻസ് പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ ഐപിസി 306, സെക്ഷൻ 9 എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
Also Read: വാക്കുതർക്കം, സീറ്റ് ബെൽറ്റില്ലാതെ യാത്ര; ദുരന്തത്തിലേക്ക് നയിച്ചത് അതിവേഗം







































