വാക്കുതർക്കം, സീറ്റ് ബെൽറ്റില്ലാതെ യാത്ര; ദുരന്തത്തിലേക്ക് നയിച്ചത് അതിവേഗം

By News Desk, Malabar News
Miss Kerala_Accident
Ajwa Travels

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മൂന്ന് പേർ മരിച്ച അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. അപകട സ്‌ഥലത്ത് എത്തിയ പോലീസുകാരിൽ ഒരാളാണ് രംഗത്തെത്തിയിരിക്കുന്നത്. പോലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്ത് പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ഡ്രൈവറായ അബ്‌ദുൾ റഹ്‌മാൻ. ഇയാളുടെ അടുത്തേക്ക് എത്തുമ്പോൾ തന്നെ രൂക്ഷമായ ഗന്ധമുണ്ടായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് അപ്പോൾ തന്നെ വ്യക്‌തമായതായി പോലീസുകാരൻ പറയുന്നു.

ലഹരി ഉപയോഗിച്ച് അതിവേഗത്തിൽ വണ്ടി ഓടിച്ചതാണ് അപകടമുണ്ടാക്കിയത്. എങ്കിലും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടി. അത്ര വലിയൊരു അപകടത്തിൽ നിന്ന് ഡ്രൈവർ മാത്രം എങ്ങനെ രക്ഷപെട്ടു എന്നതാണ് എല്ലാവരുടെയും സംശയം. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു എന്നതും എയർ ബാഗ് ഉണ്ടായിരുന്നു എന്നതും അയാളുടെ ജീവൻ രക്ഷിച്ചു എന്നതാണ് കാരണമെന്നാണ് വിലയിരുത്തൽ.

കൈയ്‌ക്കും മുഖത്തുമേറ്റ പരിക്ക് ഒഴിവാക്കിയാൽ ഡ്രൈവർക്ക് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ല. കാറിന്റെ ഇടത് ഭാഗമാണ് മരത്തിലേക്ക് ഇടിച്ചുകയറിയത്. മുൻ സീറ്റിലിരുന്ന യുവതിയെ പുറത്തെടുക്കുമ്പോൾ വാഹനത്തിനും മരത്തിനും ഇടയിൽ ഞെങ്ങി ഞെരുങ്ങിയ നിലയിലായിരുന്നു. പിൻസീറ്റിലിരുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇടത് ഭാഗത്ത് പിന്നിലെ സീറ്റിൽ ഇരുന്ന യുവതിയെ കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് സർവീസ് റോഡിനെയും പ്രധാന റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ തലയിടിച്ച് ചോരവാർന്ന് കിടക്കുന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്. സ്‌ഥലത്ത് തന്നെ മരണവും സ്‌ഥിരീകരിച്ചിരുന്നു.

അപകടങ്ങളിൽ വാഹനത്തിന്റെ വാതിൽ ലോക്കാണെങ്കിലും തുറന്ന് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ വാഹനം തകർന്ന അവസ്‌ഥ വെച്ച് ശരീരത്തിന് ഗുരുതര പരിക്ക് ഏൽക്കുമായിരുന്നു. മരണസാധ്യതയും തള്ളിക്കളയാനാകില്ല. എങ്കിലും ഒരുപക്ഷേ ജീവൻ രക്ഷിക്കാനുള്ള ഒരു സാധ്യത അവിടെ ഉണ്ടായിരുന്നു എന്ന് പോലീസുകാരൻ പറയുന്നു.

സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് പറയുമ്പോഴും ലഹരിയിൽ അല്ലായിരുന്നെങ്കിൽ ഇത്ര വലിയ അപകടത്തിനേ സാധ്യതയുണ്ടായിരുന്നില്ല എന്ന കാര്യവും ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാള സ്വദേശി അബ്‌ദുൾ റഹ്‌മാനെതിരെ ഐപിസി സെക്ഷൻ 320എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാത്രി ഒരു മണിയോടെയാണ് ബൈപ്പാസിൽ അപകടം നടക്കുന്നത്. മട്ടാഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഈ അവസ്‌ഥയിൽ ഡ്രൈവ് ചെയ്യേണ്ടെന്ന് ഒപ്പമുള്ളവർ പറഞ്ഞത് കേൾക്കാതെയാണ് അബ്‌ദുൾ റഹ്‌മാൻ വണ്ടിയോടിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം കുണ്ടന്നൂരിൽ മറ്റൊരു വാഹനവുമായി വാക്കുതർക്കം ഉണ്ടായതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവർ പിന്തുടർന്നതാണോ അപകടത്തിലേക്ക് നയിച്ചത് എന്ന നിലയിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, ഡിജെ പാർട്ടി നടന്ന ഹോട്ടൽ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് പരിശോധനയിൽ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയതായി കണ്ടെത്തിയിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ ഒളിപ്പിച്ചത്. ഇത് സംബന്ധിച്ച് ഹോട്ടലിലെ ജീവനക്കാരൻ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഹോട്ടലുടമയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Also Read: ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് പ്രതികൾക്കു കൂടി ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE