പാലക്കാട്: ജമ്മു കശ്‌മീരിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് യുവാക്കളുടെ മൃതദേഹങ്ങൾ ജൻമ നാടായ ചിറ്റൂരിൽ എത്തിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് നാലു പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചത്. ചിറ്റൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പൊതുദർശനം ആറരക്ക് തുടങ്ങി. ശേഷം ചിറ്റൂർ മന്തക്കാട് ശ്‌മശാനത്തിൽ സംസ്‌കാരം നടക്കും. നെടുങ്ങോട് സ്വദേശികളായ ആർ അനിൽ (34), എസ് സുധീഷ് (32), കെ. രാഹുൽ (28), എസ് വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്.
അതേസമയം, ഗുരുതരാവസ്‌ഥയിലുള്ള മനോജിന്റെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി അറിയിച്ചു. മനോജ് നിലവിൽ കശ്‌മീരിൽ ചികിൽസയിലാണ്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ആറ് മണിക്കാണ് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
ഇന്ന് പുലർച്ചെ 2.25ന് വിമാനം കൊച്ചിയിലെത്തി. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ ചിറ്റൂരിൽ എത്തിക്കുകയായിരുന്നു. വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഡിസംബർ അഞ്ചിനാണ് അപകടം നടന്നത്. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴ്‌ചയിലേക്ക് പതിക്കുക ആയിരുന്നു. ശ്രീനഗർ ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടം ഉണ്ടായത്.
ശ്രീനഗറിലെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. അപകടം നടന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ, താഴ്‌ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകരുകയായിരുന്നു. കഴിഞ്ഞ മാസം 30ന് ട്രെയിൻ മാർഗമാണ് 13 അംഗ സംഘം കശ്‌മീരിലേക്ക് പോയത്.
Most Read| ലോകത്തിലെ ഏറ്റവും ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ