ഇന്ത്യൻ വ്യവസായ ഇതിഹാസം രത്തൻ ടാറ്റയ്‌ക്ക് വിട നൽകി രാജ്യം

1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്നു.

By Senior Reporter, Malabar News
Ratan Tata
Ratan Tata
Ajwa Travels

മുംബൈ: ഇന്ത്യൻ വ്യവസായ ഇതിഹാസം രത്തൻ ടാറ്റയ്‌ക്ക് വിട നൽകി രാജ്യം. വർളിയിലെ ഡോ. ഇ മോസസ് റോഡിലുള്ള വർളി പൊതു ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പാഴ്‌സി ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാർ അടക്കമുള്ള രാഷ്‌ട്രീയ പ്രമുഖർക്കുമാണ് സംസ്‌കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പിയൂഷ് ഗോയൽ എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്റിലുള്ള നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്‌സിൽ നടന്ന പൊതുദർശനത്തിൽ രത്തൻ ടാറ്റയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് എത്തിയത്. മഹാരാഷ്‌ട്രയിൽ ഇന്ന് സംസ്‌ഥാന വ്യാപകമായി ദുഃഖാചരണമായിരുന്നു. സംസ്‌ഥാനത്തെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക താഴ്‌ത്തിക്കെട്ടി.

ബുധനാഴ്‌ച രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം സ്‌ഥിരീകരിച്ചത്‌. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്നു. പത്‌മഭൂഷൺ, പത്‌മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിരുന്നു. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌നം നൽകണമെന്ന് മഹാരാഷ്‌ട്ര സർക്കാർ ഇന്ന് ഉച്ചയോടെ ആവശ്യപ്പെട്ടിരുന്നു.

നവൽ എച്ച് ടാറ്റയുടെയും സുനുവിന്റെയും മകനായി 1937 ഡിസംബർ 28നായിരുന്നു ജനനം. അതിസമ്പന്ന പാഴ്‌സി കുടുംബത്തിലായിരുന്നു ജനനം. എന്നാൽ, സങ്കട കാലമായിരുന്നു ബാല്യം. അച്ഛനും അമ്മയും വേർപിരിഞ്ഞ ശേഷം അമ്മൂമ്മ നവാജ്‌ബായ് കൊച്ചുമകനെ ദത്തെടുത്തു. അമേരിക്കയിൽ ആർക്കിടെക്‌ച്ചർ പഠനത്തിന് ശേഷം അവിടെ തന്നെ ജോലിക്ക് ചേർന്നു. ഇതിനിടെ മൊട്ടിട്ട പ്രണാമം വിവാഹത്തിലെത്തിയില്ല. ഇതോടെ വിവാഹമേ വേണ്ടെന്ന് വെച്ചു.

ഇന്ത്യയിൽ മടങ്ങിയെത്തി ജംഷെഡ്‌പൂരിൽ ടാറ്റ സ്‌റ്റീലിൽ ജോലിക്ക് കയറി. ടാറ്റയുടെ ഉന്നത പദവികളിലേക്ക് പിന്നീട് അടിവെച്ചടിവെച്ച് കയറി. തുടക്കത്തിൽ കൈവെച്ച സംരംഭങ്ങളെല്ലാം ലാഭം നേടിയെങ്കിലും പിന്നീട് അടച്ചുപൂട്ടി. അപ്പോഴും ടാറ്റ സൺസ് ചെയർമാനായിരുന്ന ജെആർഡി ടാറ്റയ്‌ക്ക് രത്തനിൽ പൂർണ വിശ്വാസമായിരുന്നു. 1991ൽ ജെആർഡി ടാറ്റ പടിയിറങ്ങിയപ്പോൾ പിൻഗാമിയായി.

ടാറ്റ സ്‌റ്റീൽസ്, ടാറ്റ ടീ, ടാറ്റ കെമിക്കൽസ്, ടാറ്റ ഹോട്ടൽസ് തുടങ്ങിയ ടാറ്റ കമ്പനിയുടെ തലപ്പത്തിരുന്നവരെ ഞെട്ടിച്ചായിരുന്നു സ്‌ഥാനാരോഹണം. ടാറ്റയിൽ രത്തന്റെ സമ്പൂർണ ആധിപത്യം പിന്നീട് കണ്ടു. അധികാരവും സമ്പത്തും പ്രധാന ഓഹരികളല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചു. ഓട്ടോമൊബൈൽ വ്യവസായത്തിൽ കൈവെച്ച ടാറ്റ ഒരു ലക്ഷം രൂപയ്‌ക്ക് കാറെന്ന സ്വപ്‌നം സാക്ഷാൽക്കരിച്ചത്‌ വിപ്ളവമായി മാറി.

ടാറ്റ നാനോ കാർ ഇന്ത്യയിലെ മധ്യവർഗത്തിന്റെ സ്വപ്‌നത്തെ ചേർത്തുപിടിച്ചോടി. രത്തന്റെ കീഴിൽ ടാറ്റയുടെ ആസ്‌തി 40 മടങ്ങ് വർധിച്ചു. ലാഭം 50 ഇരട്ടിയായി. നേട്ടങ്ങളുടെ നെറുകയിൽ നിരവധി പുരസ്‌കാരങ്ങൾ. 91 മുതൽ 2012 വരെ ചെയർമാനായിരുന്ന ടാറ്റ, 2016ൽ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. രത്തൻ വിട വാങ്ങുമ്പോൾ ഇന്ത്യൻ വ്യവസായ രംഗത്തിന് നഷ്‌ടമാവുന്നത് നൈതികത ഉയർത്തിപ്പിടിച്ച ക്രാന്തദർശിയെ കൂടിയാണ്.

Most Read| വയനാട് പുനരധിവാസം; മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE