കോഴിക്കോട്: പത്തരമാറ്റ് തിളക്കമുണ്ട് കോഴിക്കോട് വടകരയിലെ ഓട്ടോ ഡ്രൈവർ സി രവീന്ദ്രന്റെ മനസിനും ചിന്തക്കും. ഓട്ടോറിക്ഷയിൽ ആരോ മറന്നുവെച്ച സ്വർണമാലയുടെ ഉടമസ്ഥരെ കണ്ടെത്താൻ ഒരു ദിവസം മുഴുവൻ രവീന്ദ്രൻ തിരഞ്ഞു. ഓട്ടോക്ക് പുറകിൽ ‘ഒരു മാല കളഞ്ഞുകിട്ടിയിട്ടുണ്ട്, അടയാളം പറഞ്ഞാൽ തരുന്നതായിരിക്കും…’ എന്ന നോട്ടീസും പതിച്ചായിരുന്നു രവീന്ദ്രന്റെ ഓട്ടം.
തിരച്ചിലിനൊടുവിൽ പിറ്റേന്ന് രാവിലെ ഉടമസ്ഥയായ വടകര മിഡറ്റ് കോളേജ് വിദ്യാർഥിനിയെ കോളേജിൽ പോയി കണ്ടെത്തി മാല തിരിച്ചേൽപ്പിച്ചു. ഉടമസ്ഥയെ കണ്ടെത്താൻ രവീന്ദ്രൻ കാണിച്ച ശ്രമങ്ങളെ നിറഞ്ഞ മനസോടെ കോളേജും വിദ്യാർഥികളുമെല്ലാം അഭിനന്ദിച്ചു. കാഷ് അവാർഡും ഉപഹാരവും നൽകിയാണ് കോളേജ് രവീന്ദ്രനെ യാത്രയാക്കിയത്.
ബുധനാഴ്ച രാവിലെയാണ് പാക്കയിൽ സ്വദേശിയായ രവീന്ദ്രന് ഓട്ടോയിൽനിന്ന് സ്വർണമാല കളഞ്ഞു കിട്ടുന്നത്. ഉച്ചഭക്ഷണത്തിന് വീട്ടിൽ എത്തിയപ്പോൾ മാല കഴുകി വൃത്തിയാക്കി ഒരു ജ്വല്ലറിയിൽ കാണിച്ച് സ്വർണാഭരണം തന്നെയാണെന്ന് ഉറപ്പുവരുത്തി. തുടർന്ന് വെള്ളക്കടലാസിൽ മാല കളഞ്ഞു കിട്ടിയിട്ടുണ്ടെന്നെഴുതി ഓട്ടോയുടെ പിറകിൽ പതിച്ചു. എന്നാൽ വൈകിട്ട് വരെ ഓടിയിട്ടും ഒരു പ്രതികരണവും വന്നില്ല. രാത്രി വീട്ടിലെത്തി രാവിലെ മുതൽ ഓട്ടോറിക്ഷയിൽ കയറിയവരെ ഓർത്തെടുത്തു.
അപ്പോഴാണ് രാവിലെ മേപ്പയിലെ മിഡറ്റ് കോളേജിലെ വിദ്യാർഥികളെ കോളേജിൽ കൊണ്ടുപോയി വിട്ടത് ഓർമവന്നത്. അങ്ങനെ വ്യാഴാഴ്ച രാവിലെ കോളേജിലെത്തി അന്വേഷിച്ചപ്പോൾ ഒന്നാംവർഷ ബികോം ബിരുദ വിദ്യാർഥിനി ആദിത്യയുടെ മാല നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിവരം കിട്ടി. പരിശോധനയിൽ അതേ മാലയാണെന്ന് ഉറപ്പായതോടെ രവീന്ദ്രൻ കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ മാല കൈമാറി.
പ്രിൻസിപ്പൽ സുനിൽകുമാർ കോട്ടപ്പള്ളി ഉപഹാരവും മാനേജർ അനിൽകുമാർ മംഗലാട് കാഷ് അവാർഡും നൽകി. പിപി നിഷാദ്, ദിൽജിത്ത് മണിയൂർ, ബവിത, അനിൽ ഓർക്കാട്ടേരി, നിധിൻ എന്നിവർ പങ്കെടുത്തു.
Most Read: പ്രായം 80, ഓർമശക്തി ഗംഭീരം; കശ്മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ