ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിലനിർത്തി. ഇതോടെ ബാങ്ക് വായ്‌പകളുടെ പലിശനിരക്കിൽ കുറവുണ്ടാകാനുള്ള സാധ്യത മങ്ങി. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്‌തിഗത വായ്‌പകളുടെ ഇഎംഐ ഭാരം കുറയില്ല.
ഫെബ്രുവരിയിലും ഏപ്രിലിലും ജൂണിലുമായി റിപ്പോ നിരക്ക് ഒരുശതമാനം കുറച്ചിരുന്നു. ഓഗസ്‌റ്റിലെ യോഗത്തിലും കുറയ്‌ക്കാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് താരിഫ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുകയും ഇന്ത്യക്കെതിരെ താരിഫ് പോര് കടുപ്പിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് പലിശനിരക്കുകൾ നിലനിർത്താനുള്ള പണനയ നിർണയ സമിതിയുടെ (എംപിസി) തീരുമാനം.
പണനയം സംബന്ധിച്ച റിസർവ് ബാങ്കിന്റെ ‘നിലപാട്’ (സ്‌റ്റാൻസ്) ന്യൂട്രൽ ആയി നിലനിർത്താനും എംപിസി ഐക്യകണ്‌ഠ്യേന തീരുമാനിച്ചെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര പറഞ്ഞു. കഴിഞ്ഞ ജൂണിൽ അര ശതമാനമാണ് (0.50%) റിപ്പോ നിരക്ക് കുറച്ചത്. 6 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്കാണ് റിപ്പോ നിരക്ക് കുറച്ചത്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി





































