കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്‌ഥിതികാനുമതി നൽകരുതെന്ന് ശുപാർശ. സ്‌ഥലം സന്ദർശിച്ച സംസ്‌ഥാന വിദഗ്‌ധ സമിതിയാണ് (സിയാക്) ഇത് സംബന്ധിച്ച് സംസ്‌ഥാന പാരിസ്‌ഥിതികാഘാത നിർണയ സമിതിക്ക് മുൻപാകെ ശുപാർശ നൽകിയത്. ചെങ്ങോട്ടുമലയിലെ 12 ഏക്കർ സ്‌ഥലത്താണ് കരിങ്കൽ ഖനനത്തിന് അനുമതി ലഭിക്കേണ്ടത്. എന്നാൽ, ഇത് പ്രദേശത്ത് ഭീഷണി ഉണ്ടാക്കുമെന്ന് ആരോപിച്ച് നാട്ടുകാരും സമരസമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ചെങ്ങോട്ടുമലയിൽ ഖനനം നടത്താൻ അനുമതി നേടി ഡെൽറ്റ റോക്‌സ് പ്രോഡക്റ്റ്സ് കമ്പനി സിയാകിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുടെ അടിസ്‌ഥാനത്തിൽ സിയാകിലെ രണ്ടു വിദഗ്‌ധർ സ്‌ഥലം സന്ദർശിച്ചിരുന്നു. ഈ റിപ്പോർട്ടിൽ ഖനനത്തിന് അനുകൂലമായ നടപടിയായിരുന്നു ഉണ്ടായത്. എന്നാൽ, തങ്ങളെ കേൾക്കാതെയാണ് റിപ്പോർട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി സമരസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന്, ഹൈക്കോടതി രണ്ടംഗ സംഘത്തിന്റെ റിപ്പോർട് തള്ളുകയും സിയാക് ചെയർമാൻ എം ഭാസ്‌ക്കരൻ ഉൾപ്പടെയുള്ള ഏഴംഗ സംഘത്തെ നിയോഗിക്കുകയുമായിരുന്നു. ഇവരുടെ റിപ്പോർട്ടിലാണ് ഇപ്പോൾ ഖനനത്തിന് പാരിസ്‌ഥികാനുമതി നൽകരുതെന്ന ശുപാർശ ഉള്ളത്. അതേസമയം, റിപ്പോർട് തയ്യാറാക്കുമ്പോൾ കോട്ടൂർ പഞ്ചായത്തിന്റെയും സമരസമിതിയുടെയും നിലപാട് കൂടി പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.
Read Also: സംസ്‌ഥാനതല പട്ടയമേള ഈ മാസം മുതലെന്ന് റവന്യു മന്ത്രി