കൊച്ചി: പിടി തോമസിന്റെ നിലപാടുകൾക്ക് ലഭിച്ച അംഗീകാരമാണ് തന്റെ സ്ഥാനാർഥിത്വമെന്ന് ഉമ തോമസ്. പാർട്ടി ഏൽപ്പിച്ച ചുമതല പിടി തോമസ് ഏത് രീതിയിൽ നടപ്പാക്കിയിരുന്നോ താനും അതേരീതി തുടരുമെന്നും ഉമ പറഞ്ഞു.
എതിരാളി ആരായാലും രാഷ്ട്രീയമായി തന്നെ നേരിടും. പിടിയെ ഹൃദയത്തിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങൾ ഒരു വോട്ട് എനിക്ക് തരാതിരിക്കില്ല. 100 സീറ്റെന്ന എൽഡിഎഫിന്റെ ലക്ഷ്യം നടപ്പാക്കാൻ സാധിക്കില്ലെന്നും ഉമ പറഞ്ഞു.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തൃക്കാക്കരയിലേക്ക് ഉമ തോമസിന്റെ പേര് പരിഗണിച്ചത്. തുടർന്ന് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു.
കെപിസിസി നേതൃയോഗത്തിന് മുൻപേ തന്നെ മുതിർന്ന നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിന്റെ സിറ്റിംഗ് സീറ്റിൽ ഉമ തോമസ് തന്നെ മൽസരിക്കണം എന്നാണ് കോൺഗ്രസിലെ പൊതുവികാരം.
തൃക്കാക്കരയിൽ പിടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. പിടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതിലേറെ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും വിഡി സതീശൻ പറഞ്ഞു. മുൻ കെഎസ്യു നേതാവ് കൂടിയായ ഉമയുടെ സ്ഥാനാർഥിത്വം ജനം സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
Read also: തൃക്കാക്കരയിൽ ഉമ തന്നെ; അംഗീകരിച്ച് ഹൈക്കമാൻഡ്