തലശേരി: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ ജോസാണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികളിൽ രണ്ടുപേർ സഹോദരങ്ങളാണ്. കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വിവി സുധാകരൻ, കൊത്തില താഴെവീട്ടിൽ ജയേഷ്, ചാങ്കുളത്ത് പറമ്പിൽ സിപി രഞ്ജിത്ത്, പുതിയപുരയിൽ പിപി അജീന്ദ്രൻ, ഇല്ലിക്കവളപ്പിൽ ഐവി അനിൽകുമാർ, പുതിയപുരയിൽ പിപി രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേവീട്ടിൽ വിവി ശ്രീകാന്ത്, സഹോദരൻ വിവി ശ്രീജിത്ത്, തെക്കേവീട്ടിൽ ടിവി ഭാസ്കരൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മൂന്നാംപ്രതി താഴെവീട്ടിൽ അജേഷ് വിചാരണയ്ക്ക് മുൻപ് മരിച്ചിരുന്നു. പ്രതികൾ കൊലപാതകം, വധശ്രമം എന്നിവയിൽ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ആറ് പ്രതികൾ ആയുധം കൈവശം വെയ്ക്കൽ വകുപ്പ് പ്രകാരവും കുറ്റക്കാരാണ്. 19 വർഷത്തിനിടെ അഞ്ച് ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്.
2005 ഒക്ടോബർ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന റിജിത്തിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അന്ന് റിജിത്തിനൊപ്പമുണ്ടായിരുന്ന നികേഷ്, വികാസ്, വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു.
Most Read| കോടികളുടെ ആസ്തി; താമസം സ്റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ







































