റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെച്ചു. കോടതിയിലെ മുഴുവൻ കേസുകളും മാറ്റിവെച്ചതായി റഹീം നിയമ സഹായസമിതി അറിയിച്ചു.
കഴിഞ്ഞ രണ്ട് തവണയും കേസിൽ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. അതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. ഡിസംബർ എട്ടിന് മാറ്റിവെച്ച കേസ് നാല് ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കുന്നത് ജയിൽ മോചനത്തിന് മറ്റ് തടസങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.
മോചന ഹരജിയിൽ ആദ്യ സിറ്റിങ് ഒക്‌ടോബർ 21നാണ് നടന്നത്. എന്നാൽ, ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞു കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാൽ, വിഷയം സൂക്ഷ്‌മമായി പരിശോധിക്കേണ്ടത് ഉള്ളതിനാൽ മറ്റൊരു സിറ്റിങ് ആവശ്യമുണ്ടെന്ന് പറഞ്ഞു കേസ് മാറ്റി. ഡിസംബർ എട്ടിന് നടന്ന അടുത്ത സിറ്റിങ്ങിലും വിധി പറഞ്ഞില്ല.
18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എം പി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസോടെ പണം സമാഹരിച്ചത്. സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!