കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്.
പ്രതികളെ വെറുതെ വിടാൻ കോടതി കണ്ടെത്തിയത് ദുർബലമായ കാരണങ്ങളാണ്. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്. പ്രതികളായ കാസർഗോഡ് കേളുഗുഡ്സെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്സെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടത്. പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണ്.
കാസർഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച് 20നാണ് കൊല്ലപ്പെട്ടത്. രാത്രി ചൂരിയിലെ പള്ളിയോട് ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസിനെ മൂന്നംഗ സംഘം പള്ളിക്കകത്ത് അതിക്രമിച്ചുകയറി കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഏറെ വിവാദമായ കേസിൽ പ്രതികൾക്ക് എതിരായ കുറ്റം തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച ഉണ്ടായെന്ന് കോടതി വിമർശിച്ചിരുന്നു.
കോടതിയുടെ വിധിപ്പകർപ്പിലാണ് ഗുരുതര വീഴ്ചകൾ എണ്ണിപ്പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും സാധിച്ചില്ല. റിയാസ് മൗലവി വധക്കേസിൽ നടന്നത് നിലവാരമില്ലാത്ത അന്വേഷണമാണെന്നും കോടതി വിലയിരുത്തി. പ്രതികൾക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമാണ്. എന്നാൽ, ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്നും വിധിപ്പകർപ്പിൽ പറയുന്നു.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!