പത്തനംതിട്ട: കടമ്പനാട് കള്ളുകുഴിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 38 വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം ഫാത്തിമാ മെമ്മോറിയൽ ബിഎഡ് ട്രെയിനിങ് കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് ടൂർ പോയ രണ്ട് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. കടമ്പനാട് കല്ലുകുഴി ഭാഗത്തെ വളവ് വീശിയെടുക്കുമ്പോൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് ഫയർഫോഴ്സും പോലീസും പറയുന്നത്.
അതേസമയം, കോഴിക്കോട്- വയനാട് ദേശീയപാതയിൽ താമരശേരിക്കും പരപ്പൻപൊയിലിനും ഇടയിൽ ഓടക്കുന്ന് വളവിൽ ഇന്നലെ രാത്രി കെഎസ്ആർടിസി ബസും ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
എലത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ് ഇന്ന് രാവിലെ ആറുമണിയോടെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 11 പേർ ചികിൽസയിലാണ്. ഇന്നലെ രാത്രി 11.15നാണ് അപകടം നടന്നത്. തണ്ണിമത്തനുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയെ കാർ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ നിന്നുവന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ലോറി കാറിൽ ഇടിച്ച് തലകീഴായി മറിയുകയും ചെയ്തു.
അപകടത്തിൽ ബസ് ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണു. തുടർന്ന് ബസ് സമീപത്തെ കടവരാന്തയിലേക്ക് നീങ്ങി. എന്നാൽ, റോഡിൽ നിന്ന് എഴുന്നേറ്റ ബസ് ഡ്രൈവർ ചാടിക്കയറി ഹാൻഡ് ബ്രേക്ക് ഇട്ട് നിർത്തുകയായിരുന്നു. കാറിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ലോറിയിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു. ബസിൽ ഉണ്ടായിരുന്ന ഒമ്പത് പേർക്ക് പരിക്കേറ്റു.
കാർ യാത്രക്കാരായ അബൂബക്കർ സിദ്ദിഖ്, ഷഫീർ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ബസ് യാത്രക്കാരായ ധന്യ, സിൽജ, മുക്ത, ചമൽ, ചന്ദ്രബോസ്, ലുബിന ഫർഹത്ത്, നൗഷാദ്, അഫ്സത്ത്, ബസ് ഡ്രൈവർ വിജയകുമാർ, കണ്ടക്ടർ സിജു എന്നിവരെ താമരശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം