തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള റോഡ് ടാക്സാണ് സർക്കാർ എഴുതി തള്ളിയത്.
കോൺട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടക്കാനുള്ള സമയ പരിധി ഡിസംബർ 31വരെ ആക്കിയതായും മന്ത്രി പറഞ്ഞു.
സ്കൂൾ വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക ബോണ്ട് സർവീസ് ആരംഭിക്കാൻ വിദ്യാഭ്യാസ-ഗതാഗത വകുപ്പുകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു.
സർവീസ് ആവശ്യമുള്ള സ്കൂളുകൾക്ക് ദൂര പരിധി അനുസരിച്ച് നിരക്കിൽ മാറ്റം വരുത്തിയാകും സൗകര്യം ലഭ്യമാക്കുക. കൂടാതെ സാധാരണ സർവീസുകൾക്ക് കുട്ടികളിൽ നിന്നും നിലവിലെ കൺസഷൻ തുക ഈടാക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ അടുത്ത മാസം അഞ്ചോടെ പുറത്തിറക്കും. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധരും വ്യക്തമാക്കിയിരുന്നു.
Most Read: കോൺഗ്രസിനൊപ്പം ചേർന്ന് രാജ്യത്തിനായി പൊരുതാം; ജിഗ്നേഷ് മേവാനി









































