മുംബൈ: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ അർധസെഞ്ചുറിയും മൂന്നാം മൽസരത്തിൽ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38ആം വയസിൽ ഏകദിന റാങ്കിങ്ങിൽ നമ്പർ വണ്ണായത്.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. നാലാം സ്ഥാനത്ത് നിന്നാണ് രണ്ട് റാങ്കുകൾ മെച്ചപ്പെടുത്തി, രോഹിത് ഒന്നാമനായി കുതിച്ചത്.
അഡ്ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഏകദിനത്തിൽ 97 പന്തിൽ 73 റൺസും, സിഡ്നിയിൽ 125 പന്തിൽ 121 റൺസും ഇന്ത്യൻ സൂപ്പർ താരം സ്വന്തമാക്കിയിരുന്നു. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് രോഹിത് ശർമ. സച്ചിൻ തെൻഡുൽക്കർ, എംഎസ് ധോണി, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരാണ് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.
ഓസ്ട്രേലിയയിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിഡ്നി ഏകദിനത്തിൽ അർധ സെഞ്ചറി നേടിയ വിരാട് കോലി റാങ്കിങ്ങിൽ അഞ്ചാമതുണ്ട്. വെറ്ററൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്.
Most Read| നയതന്ത്ര ബന്ധം തുടരാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്കത്തിലും ചർച്ച നടത്തി





































