പാലക്കാട്: സാമൂഹിക അകലം പാലിക്കാതെ കടയ്ക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടി നിന്നതിന് കടയുടമക്ക് 2000 രൂപ പിഴയിട്ട് പോലീസ്. ചാമപ്പറമ്പ് നറുക്കോട് പലചരക്കുകച്ചവടം നടത്തുന്ന മാങ്കടക്കുഴിയൻ അബ്ബാസിനാണ് പോലീസ് പിഴ ചുമത്തിയത്. ഇതേത്തുടർന്ന് നാട്ടുകാർക്ക് മുന്നറിയിപ്പായി അബ്ബാസ് കടയ്ക്ക് മുന്നിലെ തൂണിൽ കുറിപ്പും പിഴയീടാക്കിയ റെസീപ്റ്റും പതിച്ചു.
കച്ചവടം കുറഞ്ഞതോടെ 5,000 രൂപ മാസവാടക കൊടുക്കാൻപോലും കടം വാങ്ങേണ്ട അവസ്ഥയായെന്ന് കടയുടമ പറഞ്ഞു. പ്രതിസന്ധിക്കാലത്ത് ജീവിക്കാൻ വഴിയില്ലാത്തവന് 2,000 രൂപ പിഴ നൽകിയ പോലീസിന്റെ നടപടിയിൽ തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെപിഎം സലീം ഫേസ്ബുക്ക് പേജിൽ കുറിപ്പെഴുതിയതോടെ വിഷയം വിവാദമായി.

പോലീസ് പിഴ ചോദിച്ചതോടെ പണമടയ്ക്കാൻ പ്രയാസപ്പെട്ട അബ്ബാസിനെ യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് റഷീദ് മുറിയംകണ്ണിയാണ് പണം നൽകി സഹായിച്ചത്.
Most Read: മയക്കുമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ അറസ്റ്റിൽ







































