മലപ്പുറം: പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ കോണിയത്ത് നൗഷാദ് (34), വെട്ടിയാട്ടിൽ മുഹമ്മദ് മുസ്തഫ (24), മങ്കട വെള്ളില സ്വദേശി മുരിങ്ങാപറമ്പിൽ ബിജേഷ് (28) എന്നിവരെയാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നവംബർ 26ന് കോഡൂരിൽ വെച്ചാണ് സംഘം പണം തട്ടിയെടുത്തത്. നാല് വാഹനങ്ങളിലായി പോലീസ് വേഷത്തിലെത്തിയ പ്രതികൾ കുഴൽപ്പണം കടത്തുന്ന വാഹനം തടഞ്ഞുനിർത്തി വണ്ടി സഹിതം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സതീഷിനെ ഒരാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
കവർച്ചയ്ക്ക് നേതൃത്വം നൽകിയ സംഘത്തലവൻ നിലമ്പൂർ സ്വദേശി സിറിൽ മാത്യു ഉൾപ്പടെയുള്ള പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം നിലമ്പൂരിൽ വെച്ചാണ് സംഘം പണം പങ്കുവെച്ചത്. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Most Read: കോവിഡ് രൂക്ഷമാകുന്നു; രാജ്യത്ത് 13,154 പുതിയ രോഗബാധിതർ






































