കീവ്: ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തിയേറ്ററിന് നേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയാതായി യുക്രൈന്‍. ഇവിടുത്തെ നാടക തിയേറ്ററിന്റെ മധ്യഭാഗം റഷ്യന്‍ വിമാനമെത്തി തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് പേര്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനഃപൂർവമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വ രഹിതമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്‌ടങ്ങൾ ഉണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, യുക്രൈനിലെ ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്ന ആളുകൾക്ക് നേരെയും റഷ്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യ ഏറ്റെടുത്തതോടെ കടൽ വഴിയുള്ള യുക്രൈന്റെ അന്താരാഷ്‌ട്ര വ്യാപാരവും നിലച്ചിരിക്കുകയാണ്. കൂടാതെ യുക്രൈൻ തലസ്‌ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ ശക്‌തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ പിടിച്ചടക്കുമെന്നാണ് റഷ്യ വ്യക്‌തമാക്കുന്നത്.
മൈക്കലോവ്, ഖാർകീവ്, ചെർണിവ്, അന്റോനോവ് വിമാന നിർമാണശാല എന്നിവിടങ്ങളിൽ വ്യോമാക്രമണമുണ്ടായി. റിൻ മേഖലയിൽ വ്യോമാക്രമണത്തിൽ ടിവി ടവർ തകർന്ന് 9 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിൽ ഒരു മാദ്ധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
Most Read: കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതിയുടെ ഭാഗമാകാൻ ഒരുങ്ങി 75 വാഹന കമ്പനികൾ