കീവ്: യുക്രൈനിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഡ്രോൺ താമസ കേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രോ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ് കൊല്ലപ്പെട്ടത്.
ഊർജകേന്ദ്രങ്ങൾ ആക്രമിച്ച റഷ്യക്കെതിരായ ഉപരോധം വ്യാപിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. ശൈത്യകാലം വരാനിരിക്കെ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം സാധാരണക്കാരെ ഉപദ്രവിക്കുക എന്നത് ലക്ഷ്യമിട്ടുള്ളതാണ്.
450 ഡ്രോണുകളും 45 മിസൈലുകളും റഷ്യ ഊർജനിലയങ്ങൾക്ക് നേരെ തൊടുത്തു. റഷ്യയുടെ ഓരോ ആക്രമണത്തിനും തക്കതായ രീതിയിൽ ഉപരോധം ശക്‌തമാക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. കീവ്, പൊൾട്ടാവ, ബാർകീവ് മേഖലകളിലെ പല ഊർജോൽപ്പാദന കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ തകരാർ നേരിട്ടിരിക്കുകയാണ്.
പൊൾട്ടാവ മേഖലയിലെ ക്രെമൻചുക്, ഹൊരിഷ്‌നിപ്ളാവ്നി നഗരങ്ങളിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ചു. 2022ൽ യുദ്ധം തുടങ്ങിയതിന് ശേഷം ഊർജകേന്ദ്രങ്ങൾക്ക് നേരെ റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് സർക്കാർ ഉടമസ്‌ഥതയിലുള്ള ഊർജോൽപ്പാദന കമ്പനിയായ സെൻട്രെനെർജോ പറഞ്ഞു.
Most Read| വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി








































