മോസ്‌കോ: യുദ്ധം രൂക്ഷമായിരിക്കെ യുക്രൈനെതിരെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്‌റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
കര, കടൽ, ആകാശ മാർഗങ്ങളിലൂടെയാണ് മിസൈലുകൾ പരീക്ഷിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു പരീക്ഷണം. യുഎസും സഖ്യ രാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണമെന്നാണ് വിലയിരുത്തൽ.
റഷ്യ-യുക്രൈൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന് വിവരം റഷ്യക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ സൈനികർ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദത്തെ റഷ്യ തള്ളിക്കളഞ്ഞിരുന്നു.
വർധിച്ചുവരുന്ന ഭീഷണികൾ, പുതിയ ശത്രുക്കൾ, സാഹചര്യം എന്നിവ കണക്കിലെടുത്താണ് പരീക്ഷണമെന്ന് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യ എന്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ശത്രുക്കളുടെ എന്ത് തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാനാണ് നീക്കമെന്ന് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവും പറഞ്ഞു.
Most Read| ഓഫീസ് സമയത്ത് കൂട്ടായ്‌മകൾക്ക് വിലക്ക്; സർക്കാർ ഉത്തരവ്