കീവ്: യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടതെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ കീവിൽ മാത്രം 42 പേർക്ക് പരിക്കേറ്റതായി യുക്രൈൻ അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ മേഖലയിൽ 31 പേർക്കും പരിക്കേറ്റു. ഞായറാഴ്‌ച രാവിലെയും യുക്രൈൻ തലസ്‌ഥാനമായ കീവിൽ നിരവധി ഡ്രോണുകൾ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളിലുണ്ട്.
റഷ്യ തുടർച്ചയായി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതോടെ ഞായറാഴ്‌ച പുലർച്ചെ മുതൽ കീവിലും പരിസര പ്രദേശങ്ങളിലും അപായ സൈറണുകൾ മുഴങ്ങിയിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ സാധാരണക്കാർക്ക് നേരെയും ആക്രമണം ഉണ്ടായെന്നും യുക്രൈൻ ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ 12 വയസുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നതായാണ് വിവരം.
യുദ്ധം തുടങ്ങിയ ശേഷം റഷ്യ യുക്രൈന് നേരെ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണങ്ങളിൽ ഒന്നാണ് ഇന്ന് പുലർച്ചെ ഉണ്ടായത്. ഏകദേശം 595 ഡ്രോണുകളും 48 മിസൈലുകളുമാണ് മണിക്കൂറുകൾക്കുള്ളിൽ റഷ്യ തൊടുത്തുവിട്ടതെന്നാണ് യുക്രൈൻ വ്യോമസേനയുടെ ആരോപണം. ഇതിൽ രണ്ട് ബാലിസ്‌റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്നു.
Most Read| കേരളത്തിൽ ശരിയായ സമയത്ത് ശരിയായ സ്‌ഥലത്ത് എയിംസ് വരും; ജെപി നദ്ദ