ന്യൂഡെൽഹി: യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഡെൽഹിയിൽ. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. യുക്രൈൻ- റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ ലെവ്‌റോവിന്റെ സന്ദർശനം പ്രാധാന്യമുള്ളതാണ്.
വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ലവ്‌റോവ് ന്യൂഡെൽഹിയിൽ എത്തിയത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടക്കമുള്ള സഹകരണം സംബന്ധിച്ച് ചർച്ച നടക്കും.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവർ കഴിഞ്ഞ ആഴ്‌ച ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ച ശേഷം ലവ്‌റോവ് സന്ദർശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ.
വൻ വിലക്കുറവിൽ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നൽകാൻ തയ്യാറാണെന്ന് റഷ്യ വ്യക്‌തമാക്കിയിരുന്നു. യുദ്ധത്തിന് മുൻപുള്ള വിലയിൽ നിന്ന് ബാരലിന് 35 ഡോളർ വരെ കിഴിവ് നൽകാമെന്നാണ് റഷ്യയുടെ വാഗ്‌ദാനം. 1.5 കോടി ബാരൽ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുടെ വാഗ്‌ദാനം സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകാർ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
റഷ്യക്ക് മേൽ പാശ്‌ചാത്യ ഉപരോധം ശക്‌തമായി തുടരുമ്പോഴും റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി തുടരുന്നുണ്ട്. ഇതിലുള്ള അതൃപ്‍തി അമേരിക്കയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ റഷ്യയുമായി പുലർത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രൈൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്‌ഥത വഹിക്കാൻ തയ്യാറാണെങ്കിൽ അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞിരുന്നു.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ