മോസ്‌കോ: റഷ്യൻ ആയുധ വിദഗ്‌ധനും പുട്ടിന്റെ അടുത്ത അനുയായിയുമായ മിഖായേൽ ഷാറ്റ്‌സ്‌കിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെയാണ് മിഖായേൽ ഷാറ്റ്‌സ്‌കിയെ മോസ്‌കോയ്‌ക്ക് പുറത്തുള്ള കുസ്‌മിൻസ്‌കി വനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്.
എന്നാൽ, ആരാണ് വെടിയുതിർത്ത കൊലയാളി എന്നത് അജ്‌ഞാതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറൽ ഡയറക്‌ടറായിരുന്നു മിഖായേൽ ഷാറ്റ്‌സ്‌കി. അതേസമയം, മിഖായേൽ ഷാറ്റ്‌സ്‌കിയെ കൊലപ്പെടുത്തിയതിന് പിന്നിൽ യുക്രൈൻ ഡിഫൻസ് ഇന്റലിജൻസാണെന്ന് ചില യൂറോപ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
യുക്രൈനിന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് യുക്രൈൻ ഡിഫൻസ് ഇന്റലിജൻസ്. ഇവർ മിഖായേൽ ഷാറ്റ്‌സ്‌കിയെ ലക്ഷ്യംവെച്ച് മോസ്‌കോയിൽ പ്രത്യേക ഓപ്പറേഷൻ നടത്തിയിരുന്നതായാണ് സൂചന. എന്നാൽ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രൈൻ ഇതുവരെ ഏറ്റെടുത്തിട്ടില്ല. വിഷയത്തിൽ, റഷ്യയുടെ പ്രതികരണവും പുറത്തുവന്നിട്ടില്ല.
റഷ്യൻ ബഹിരാകാശ- സൈനിക രംഗത്ത് ഓൺബോർഡ് ഗൈഡൻസ് സംവിധാനങ്ങൾ നിർമിച്ച കമ്പനിയാണ് മാർസ് ഡിസൈൻ. 2017 ഡിസംബർ മുതൽ കമ്പനിയുടെ ഭാഗമാണ് മിഖായേൽ ഷാറ്റ്‌സ്‌കി. അസോസിയേറ്റ് പ്രൊഫസർ കൂടിയായ അദ്ദേഹം, റഷ്യൻ കെഎച്ച്-59 ക്രൂയിസ് മിസൈലിനെ എച്ച്-69 ലെവലിലേക്ക് പുനരുദ്ധരിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചയാളാണ്.
Most Read| അല്ലു അർജുന് ആശ്വാസം; തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു







































