ആലപ്പുഴ: പള്ളിപ്പാട് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ മർദ്ദനമേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ചേപ്പാട് കരിക്കാട്ട് സ്വദേശി ശബരിയുടെ (26) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രമേ യുവാവിന്റെ മരണത്തിൽ കൂടുതൽ വ്യക്‌തത വരുള്ളൂവെന്നാണ് പോലീസ് അറിയിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടോടെയാണ് ശബരി മരിച്ചത്.
സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകരായ സുല്‍ഫിത്ത്, രാജന്‍, കണ്ണന്‍ ഉൾപ്പടെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുല്‍ഫിത്ത് അടക്കം മൂന്നു പേരാണ് ഇതുവരെ അറസ്‌റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു.
ഒന്നാം പ്രതി സുല്‍ഫിത്തിന് ശബരിയോടുള്ള വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു ശബരിക്കെതിരെ ആക്രമണം ഉണ്ടായത്. ബൈക്കില്‍ വരികയായിരുന്ന ശബരിയെ സുല്‍ഫിത്തും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു എട്ടംഗ സംഘത്തിന്റെ ക്രൂരത. മർദ്ദനമേറ്റ് റോഡില്‍ കിടന്നിരുന്ന ശബരിയെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. തലച്ചോറിന് ക്ഷതമേറ്റതായിരിക്കാം മരണ കാരണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഇന്ന് നടക്കുന്ന പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്‌തത വരികയുള്ളൂ.
Most Read: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മഹാസംഗമം ഇന്ന്