പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഇത്തവണ മണ്ഡലപൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട്ട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25നും മണ്ഡലപൂജ നടക്കുന്ന 26നുമാണ് വെർച്വൽ ക്യൂ വെട്ടിക്കുറച്ചത്.
25ന് 54,444 പേർക്ക് മാത്രമാണ് വെർച്വൽ ക്യൂ ഉണ്ടാവുക. 26ന് 60,000 പേർക്ക് മാത്രമാണ് ദർശനത്തിന് അവസരമുള്ളത്. സാധാരണ ദിവസങ്ങളിൽ വെർച്വൽ ക്യൂ 70,000 ആയിരുന്നു. ഇതിന് പുറമെ ദർശനത്തിന് ഏല്ലാവർക്കും സ്പോട്ട് ബുക്കിങ്ങും അനുവദിച്ചിരുന്നു. എന്നാൽ, 25,26 തീയതികളിൽ സ്പോട്ട് ബുക്കിങ് നടത്തി ദർശനത്തിന് കടത്തിവിടില്ല.
26ന് ഉച്ചയ്ക്ക് 12നും 12.30നും മധ്യേയാണ് മണ്ഡലപൂജ. മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് നട അടയ്ക്കാൻ ആറുനാൾ ശേഷിക്കെ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. ഇന്നലെ മാത്രം 96,853 പേരാണ് ശബരിമലയിൽ എത്തിയത്. സ്പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി. വെർച്വൽ ക്യൂ വഴി 70,000 ബുക്കിങ്ങാണ് അനുവദിച്ചത്.
വ്യാഴാഴ്ച 96,007 പേർ ദർശനം അണ്ഡത്തി. അതിൽ 22,121 പേർ സ്പോട്ട് ബുക്കിങ് വഴിയാണ് എത്തിയത്. ഇന്നും തീർഥാടകരുടെ വൻ തിരക്ക് തുടരുകയാണ്. പതിനെട്ടാം പടി കയറാനുള്ള നിര മരക്കൂട്ടം വരെയുണ്ട്. പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറിന് മുമ്പിലും നീണ്ട നിരയാണ്.
മണ്ഡലകാല തീർഥാടനത്തിന് സമാപ്തി കുറിച്ച് 26ന് മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും. അന്ന് രാത്രി നട അടയ്ക്കും. അന്ന് പുലർച്ചെ 3.30 മുതൽ 11 വരെ മാത്രമാണ് നെയ്യഭിഷേകം. അന്ന് വൈകിട്ട് നാലിനാണ് നട തുറക്കുക. തീർഥാടകരുടെ തിരക്ക് കുറവാണെങ്കിൽ രാത്രി പത്തിന് തിരക്കുണ്ടെങ്കിൽ 11നും നട അടയ്ക്കും. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല