കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ്‌പി അന്വേഷിക്കും. കേസ് ഇന്ന് പരിഗണനയ്‌ക്ക് വന്നപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുഴുവൻ രേഖകളും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് പരിശോധിച്ചതിന് ശേഷമാണ് കോടതി ചോദ്യങ്ങൾ ഉയർത്തിയത്. 2019ൽ അഴിച്ചെടുത്തപ്പോൾ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ചപ്പോൾ 38 കിലോ ആയി കുറഞ്ഞു. സ്വർണപ്പാളിയുടെ നാലുകിലോ എങ്ങനെ കുറഞ്ഞുവെന്ന് ദേവസ്വം വിജിലൻസ് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്.
വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു. സ്വർണപ്പാളി തിരികെ സന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം പരിശോധിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകാനാണ് ഉത്തരവ്. ദ്വാര പാലക ശിൽപ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്‌പെയർ സ്ട്രോങ്ങ് റൂമിൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരോ ബന്ധപ്പെട്ടവരോ ഇക്കാര്യം ഇതുവരെ എന്തുകൊണ്ടാണ് അറിയാത്തതെന്ന് കോടതി ആരാഞ്ഞു. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ മുമ്പിലാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ രേഖകളിലും ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു.
ഭാരക്കുറവ് കണ്ടെത്തിയിട്ടും ദേവസ്വം ബോർഡ് ഭരണാധികാരികൾ എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന ചോദ്യവും കോടതി ഉയർത്തി. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാൻ തീരുമാനം എടുത്തതിലും കോടതി സംശയം ഉന്നയിച്ചു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം






































