ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.
മകരസംക്രമ സന്ധ്യയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്ത് നിന്ന് തിങ്കളാഴ്ച പുറപ്പെട്ട ഘോഷയാത്ര വൈകീട്ട് 6.24നാണ് സന്നിധാനത്ത് എത്തിയത്. തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ, തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇഡി. പ്രസാദ് നമ്പൂതിരി, ദേവസ്വം അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തിരുവാഭരണം ചാർത്തി 6.40ന് ദീപാരാധന നടന്നു. കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിച്ചു. പിന്നെ മകരജ്യോതി തെളിഞ്ഞു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സ്വാമിയേ ശരണമയ്യപ്പാ എന്ന പ്രാർഥന ഭക്തരുടെ കണ്ഠങ്ങളിൽ മുഴങ്ങി. അയ്യപ്പ ദർശനത്തിന്റെ നിറവിൽ പിന്നെ മലയിറക്കം.
മകരവിളക്കിന് രണ്ടുലക്ഷത്തിലേറെ തീർഥാടകർ സന്നിധാനത്ത് എത്തിയതായാണ് പോലീസിന്റെ വിലയിരുത്തൽ. തടസമില്ലാതെ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം തീർഥാടകർ തമ്പടിച്ചിരുന്നു. തിക്കും തിരക്കും മൂലമുള്ള അപകടം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തീർഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആർടിസി 1000 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
തിരുവാഭരണം ചാർത്തി 17ആം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 18ആം തീയതി വരെയാണ് നെയ്യഭിഷേകം. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ആം തീയതി രാത്രി പത്തുമണിക്കാണ് മാളികപ്പുറത്തെ മഹാഗുരുതി. ശേഷം 11 മണിക്ക് നട അടയ്ക്കും. 20ന് പുലർച്ചെയാണ് തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം







































