പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്‌ക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. വൈകീട്ട് അഞ്ചുമണിമുതൽ ബുക്ക് ചെയ്യാം. ഈമാസം 26,27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്ങാണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26ന് 30,000 പേർക്കും 27ന് 35,000 പേർക്കും അവസരം ലഭിക്കും.
സ്‌പോട്ട് ബുക്കിങ് വഴി അയ്യായിരം ഭക്‌തരെ വീതം ഈ ദിവസങ്ങളിൽ അനുവദിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ളോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. മണ്ഡല-മകരവിളക്ക് മഹോൽസവത്തോട് അനുബന്ധിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള വെർച്വൽ ക്യൂ സ്‌പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ് അറിയിച്ചു.
സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്‌ത ദിവസങ്ങളിൽ തന്നെ ഭക്‌തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്‌ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്ത് എത്തണം. നിലവിൽ ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമാണ്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































