ന്യൂഡെൽഹി: സംസ്‌ഥാനത്ത് ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ ശബരിമല യുവതീ പ്രവേശന കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
2019ലാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീം കോടതി പരിഗണിച്ചത്. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണം മെന്നാണ് ഹരജികൾ.
മതാചാരങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹരജികൾ ഇതിൽ ഉൾപ്പെടും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്‌ച ഹരജികൾ പരിഗണിക്കുക. ഹരജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒമ്പതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്നുമുതൽ തുടങ്ങുമെന്നതിലും തിങ്കളാഴ്‌ച തീരുമാനം ഉണ്ടാകും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിൽ എത്തുന്നത് സംസ്‌ഥാന സർക്കാരിന് നിർണായകമാകും. യുവതീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ നേരത്തെ വ്യക്‌തമാക്കിയിട്ടുള്ളത്. എന്നാൽ, കേസ് വീണ്ടും പരിഗണനയ്‌ക്ക് വരുമ്പോൾ കോടതിയോട് സംസ്‌ഥാന സർക്കാർ നിലപാട് അറിയിക്കേണ്ടി വരും.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































