കൊച്ചി: പ്രമുഖ കാർട്ടൂണിസ്റ്റും വരയോട് അവസാന നിമിഷംവരെ നീതി പുലർത്തിയ ചിത്രകാരനുമായിരുന്ന കോട്ടയം തിരുനക്കര കിഴക്കേടത്ത് വീട്ടിൽ ശബരീനാഥ് (87) കൊച്ചിയിലെ തൃക്കാക്കരയിൽ നിര്യാതനായി.
‘വരയ്‌ക്കണ ആഗ്രഹം അതിന്റെ തീവ്രതയിൽ എത്തുമ്പോൾ മാത്രമേ ഞാന്‍ അതിന് ശ്രമിച്ചിട്ടുള്ളൂ‘ എന്ന വാക്കിനോട് നൂറു ശതമാനം നീതിപുലർത്തുകയും ‘ഓരോ വരയും അവരവരുടെ ബോധ്യത്തിന്റെ പ്രതിഫലനമാണ്‘ എന്ന ഉറച്ച ബോധ്യത്തിൽ വരകളുടെ മൽസര ലോകത്ത് മാർക്കിടാൻ പോകാതെ ഒഴിഞ്ഞു നിൽക്കുകയും ചെയ്‌ത നീതിമാനായ ചിത്രകാരനാണ് യാത്രയായത്.
പ്രശസ്‌ത സമാന്തര സിനിമാ സംവിധായകനും കാർട്ടൂണിസ്‌റ്റുമായിരുന്ന ജി അരവിന്ദന്റെ ബാല്യകാല സുഹൃത്തായിരുന്നു ശബരിനാഥ്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിലൂടെ 1961 ജനുവരി മുതൽ തുടർച്ചയായി 13 വർഷം പ്രസിദ്ധീകരിച്ച ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പരയിലെ രാമു എന്ന കേന്ദ്ര കഥാപാത്രത്തിന് മാതൃകയായത് ശബരിനാഥ് ആയിരുന്നു.
അയൽക്കാരും സഹപാഠികളും ആത്‌മ സുഹൃത്തുക്കളുമായിരുന്നു ഇരുവരും. ശബരിനാഥിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് അതേ പ്രതിഛായയിൽ അരവിന്ദൻ, രാമു എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്‌ടിച്ചത്. അറുപതുകളിലെയും എഴുപതുകളിലെയും ജീവിതാവസ്‌ഥ അവതരിപ്പിച്ച് പ്രശസ്‌തിയിലേക്ക് ഉയർന്ന ‘ചെറിയ മനുഷ്യരും വലിയ ലോകവും’ പിന്നീട്, 1978ല്‍ പുസ്‌തക രൂപത്തില്‍ പുറത്തിറങ്ങിയിരുന്നു.

പ്രശസ്‌ത ടൈപ്പ് ഓഫ് ഗ്രഫി ഡിസൈനറായി വളർന്ന തന്റെ മകന് ‘രാമു’ എന്ന് പേരുനൽകാനും അരവിന്ദനെ പ്രേരിപ്പിച്ചത് ഈ കാർട്ടൂൺ കഥാപാത്രമായിരുന്നു. മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ച് 1990ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രത്തിനും ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്നായിരുന്നു ടൈറ്റിൽ.
ശബരിനാഥ് – അരവിന്ദൻ കൂട്ടുകെട്ടിന്റെ ആഴമേറിയ സൗഹൃദം അരവിന്ദന്റെ വിയോഗം വരെ തുടർന്നു. ഫാക്‌ടിൽ കൊമേഴ്‌സ്യൽ ആർട്ടിസ്‌റ്റായാണ് ശബരിനാഥ് കൊച്ചിയിലെത്തിയത്. തോഷിബ ആനന്ദിൽ ഉദ്യോഗസ്‌ഥയായിരുന്ന സരോജത്തെ വിവാഹം കഴിച്ച് ഏലൂരിൽ താമസമാക്കി. പിന്നീട് ആലുവയിലും ഒടുവിൽ തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിനു സമീപം സ്‌റ്റെൽ എൻക്ളേവിൽ സ്‌ഥിര താമസമാക്കി.
അരവിന്ദന്റെ ‘രാമു’ ആകും മുമ്പേ വരയുടെ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ശബരിനാഥിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ, 1961ൽ ഫാക്‌ടിൽ കൊമേഴ്സ്യൽ ആർട്ടിസ്‌റ്റായി ജോലിക്ക് ചേർന്നിരുന്നു ശബരിനാഥ്. 68ൽ ഈ ജോലി രാജിവച്ചു. പിന്നീട് സ്വതന്ത്ര ഡിസൈനർ ജോലികളിൽ ശ്രദ്ധകേന്ദ്രീകരിച്ച ഇദ്ദേഹം 1975ൽ കൊൽക്കത്തയിലെ ദേശീയ പ്രശസ്‌തമായ അക്കാദമി ഓഫ് ഫൈൻ ആർട്‌സ് ഹാളിൽ നടത്തിയ ചിത്രങ്ങളുടെ പ്രദർശനത്തിലൂടെ വരകളുടെ ലോകത്ത് ശ്രദ്ധേയനായി.
തുടർന്ന് വിദേശങ്ങളിലടക്കം നിരവധി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. വരയുടെ മികവിന് ഒട്ടേറെ പുരസ്‌കാരങ്ങളും ശബരിനാഥ് നേടിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന ശബരിനാഥ് കോട്ടയം തിരുനക്കര കിഴക്കേടത്ത് കുടുംബാംഗമാണ്. ഭൗതിക ശരീരം, മക്കളിൽ രണ്ടുപേർ വിദേശത്ത് നിന്ന് എത്തേണ്ടതിനാൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
![]()
ശനിയാഴ്‌ച രാവിലെ മൃതദേഹം തൃക്കാക്കരയിലെ സ്‌റ്റെൽ എൻക്ളേവിലെ വസതിയിലെത്തിക്കും. ശേഷം രാവിലെ 9 മണിമുതൽ സ്‌റ്റെൽ എൻക്ളേവിൽ പൊതു ദർശനത്തിന് വെക്കും. സംസ്‌കാരം വൈകിട്ട് 3ന് കാക്കനാട് അത്താണി ശ്‌മശാനത്തിൽ നടക്കും. ഭാര്യ: സരോജം ശബരിനാഥ്. മക്കൾ: അമൃത നായർ (യുകെ), ശ്യാം ശബരീനാഥ് (കാനഡ), ആരതി അജിത്കുമാർ (ചെന്നൈ). ഹരി, സിന്ധു, പരേതനായ അജിത്കുമാർ എന്നിവർ മരുമക്കളാണ്.
Most Read: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അർഹതയില്ല -ഹൈക്കോടതി





































