മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി ബംഗ്ളാദേശ് പൗരനെന്ന് പോലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നാണ് പ്രതിയുടെ യഥാർഥ പേര്. വിജയ് ദാസ് എന്ന വ്യാജ പേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നതെന്നും ഡിസിപി ദീക്ഷിത് ഗെദാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
”സെയ്‌ഫ് അലിഖാനെ ആക്രമിച്ച പ്രതി 30 വയസുകാരനായ ബംഗ്ളാദേശ് പൗരനാണെന്നാണ് പ്രഥമദൃഷ്‌ട്യാ മനസിലാകുന്നത്. പേര് മാറ്റി അനധികൃതമായാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. നിലവിൽ വിജയ് ദാസ് എന്ന പേരിലായിരുന്നു താമസം. 5-6 മാസം മുൻപ് തന്നെ മുംബൈയിൽ വന്നു പോയിരുന്നു. സെയ്‌ഫിന്റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുമ്പാണ് വീണ്ടുമെത്തിയത്. ഹൗസ് കീപ്പിങ് ഏജൻസിലായിരുന്നു ജോലി”- ഡിസിപി പറഞ്ഞു.
”മോഷ്‌ടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ സെയ്‌ഫിന്റെ വീട്ടിൽ കയറിയത്. കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ വാങ്ങും. തുടർ അന്വേഷണത്തിലേ കൂടുതൽ കാര്യങ്ങൾ വ്യക്‌തമാകൂ. ആദ്യമായാണ് ഇയാൾ സെയ്‌ഫിന്റെ വീട്ടിൽ കയറിയതെന്നാണ് നിഗമനം. പാസ്‌പോർട്ട് നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തും”- ഡിസിപി കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്രയിലെ താനെയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതി പിടിയിലായത്. താനെയിലെ ഹിരാനന്ദാനി എസ്‌റ്റേറ്റിലെ മെട്രോ നിർമാണ സ്‌ഥലത്തിന് സമീപത്തെ ലേബർ ക്യാമ്പിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്‌തു. പിന്നാലെ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വ്യാഴാഴ്‌ച പുലർച്ചെ രണ്ടര മണിയോടെയാണ് ബാന്ദ്ര വെസ്‌റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ പ്രതിയുടെ ആക്രമണത്തിൽ സെയ്‌ഫ് അലിഖാന് കുത്തേറ്റത്. കഴുത്തിനും നട്ടെല്ലിന് സമീപവും ഉൾപ്പടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസയിലുള്ള നടന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം