തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി പുറത്താക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
കൂടാതെ അന്നത്തെ പോലീസ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും പുനരന്വേഷണം നടത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ പോലീസ് ഉദ്യോഗസ്‌ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കോടതി പറഞ്ഞുവെന്നും സതീശൻ വ്യക്‌തമാക്കി.
അടിയന്തരമായി സജി ചെറിയാന്‍ മന്ത്രി സ്‌ഥാനം രാജിവെക്കണം. മന്ത്രിയായി ഇരുന്നുകൊണ്ട് സജി ചെറിയാന്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും അന്വേഷണം പ്രഹസനമായി മാറും. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതേ സമയം കോടതി വിധിയില്‍ താന്‍ രാജി വെക്കില്ലെന്ന നിലപാടാണ് സജി ചെറിയാനുള്ളത്. വിധി പഠിച്ച് അപ്പീല്‍ പോകണമെങ്കില്‍ പോകുമെന്നും മന്ത്രി പറഞ്ഞു. ‘‘വിഷയത്തില്‍ യാതൊരു ധാര്‍മിക പ്രശ്‌നവും നിലവിലില്ല. പൊലീസ് അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന നിലപാടാണ് കീഴ്‌ക്കോടതി സ്വീകരിച്ചത്. അതാണ് ഹൈക്കോടതിയില്‍ എത്തിയത്. വീണ്ടും അന്വേഷിക്കാനാണു ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കട്ടെ” – സജി ചെറിയാൻ പറഞ്ഞു.
“വിഷയത്തിന്റെ ഉള്ളടക്കത്തിലേക്കു കോടതി പോകാത്തിടത്തോളം ധാര്‍മിക പ്രശ്‌നമില്ല. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് ആദ്യം രാജിവച്ചത്. കീഴ്‌ക്കോടതി പൊലീസ് റിപ്പോര്‍ട്ട് ശരിവച്ചതു കൊണ്ടാണ് വീണ്ടും മന്ത്രിയായത്. പ്രസംഗം പരിശോധിച്ച് തെറ്റില്ലെന്ന് ഒരു കോടതി പറഞ്ഞു. അടുത്ത കോടതി അതിനു വിരുദ്ധമായി പറഞ്ഞു. അതിനു മുകളിലും കോടതി ഉണ്ടല്ലോ. അന്വേഷണം തുടര്‍ന്നു നടത്തണമെന്നു മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നത്. മന്ത്രിയായുള്ള പ്രവര്‍ത്തനം തുടരും’’– സജി ചെറിയാന്‍ വിശദീകരിച്ചു.
MOST READ | മതാടിസ്‌ഥാന വാട്‌സ്ആപ് ഗ്രൂപ്പ്; ‘ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം’








































