പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാർച്ച്. കോഴിക്കോടും ആലപ്പുഴയിലും നടത്തിയ കലക്‌ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാലക്കാട് കലക്‌ടറേറ്റ് മാർച്ച് കുമ്മനം രാജശേഖരൻ ഉൽഘാടനം ചെയ്‌തു. എസ്‌ഡിപിഐയെ വളർത്തിയത് പികെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണെന്ന് മലപ്പുറത്ത് നടന്ന മാർച്ചിൽ പങ്കെടുത്തുകൊണ്ട് ബി ഗോപാലകൃഷ്‌ണൻ പറഞ്ഞു. തീവ്രവാദത്തിനെതിരെ നിലപാടെടുത്താൽ ലീഗുമായി പോലും കൈകോർക്കാൻ ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.
കേസിൽ ഇതുവരെ രണ്ടുപേരാണ് അറസ്‌റ്റിലായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് ഇതുവരെ പിടിയിലായ രണ്ടുപേരും. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചെന്നും പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. 20ഓളം പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
Also Read: ബിജെപിക്കും ആര്‍എസ്എസിനും പ്രവേശനമില്ല; ഹരിയാനയിലെ വിവാഹ ക്ഷണക്കത്ത്








































