പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തിയേക്കും. അതേസമയം, പ്രതികളുടെ രേഖാചിത്രം ഉടൻ പുറത്തു വിടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഒളിവിലുള്ള പ്രതികൾക്ക് എസ്ഡിപിഐ, പിഎഫ്ഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം നടന്ന് 40 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് സംഭവത്തിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും ചെയ്ത അഞ്ചു പേരുടെ ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്. കേസിൽ ഇതുവരെ 12 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. നിലവിൽ മൂന്ന് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്ദുൽ സലാം, പ്രതികളെ രക്ഷിക്കാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, നിലവിലെ അന്വേഷണത്തിൽ തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സഞ്ജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
Most Read: കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിൻവലിക്കും; ഹരിയാന മുഖ്യമന്ത്രി






































