തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശൂർ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയതിന്റെ പശ്‌ചാത്തലത്തിലാണ് മൊഴി എടുക്കുന്നത്. കേസിൽ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശന്റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക.
ഇരിങ്ങാലക്കുട ഡിവൈഎസ്‌പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയിൽ റിപ്പോർട് സമർപ്പിക്കും. തുടരന്വേഷണം പോലീസിന് എത്രമാത്രം സാധ്യമാകും എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. നിലവിൽ കവർച്ച സംബന്ധിച്ച അന്വേഷണമാണ് പൂർത്തീകരിച്ചത്.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം പോലീസിന് സാധ്യമല്ല. പബ്ളിക് മണി ലോണ്ടറിങ് ആക്‌ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് കൊടകര കുഴൽപ്പണ കേസിൽ ഇനി നടക്കേണ്ടത്. അതേസമയം, ആഭ്യന്തര ഉത്തരവ് ഇറങ്ങിയാൽ കോടതിയെ സമീപിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചയിലാണ് കൊടകര കേസ് തുടരന്വേഷണം നടത്താൻ തീരുമാനിച്ചത്. കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ വെളിപ്പെടുത്തൽ.
ഇതിന് താൻ സാക്ഷിയാണെന്നും സതീശൻ പറഞ്ഞു. ചാക്കിലാണ് കുഴൽപ്പണം എത്തിച്ചത്. പണമെത്തിച്ച ധർമരാജന് തൃശൂരിൽ മുറിയെടുത്ത് നൽകിയത് താനാണ്. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണമാണെന്ന് അറിഞ്ഞത് പിന്നീടാണ്. ആ പണം കൊടകരയിലേക്ക് കൊണ്ടുപോയെന്നും സതീശൻ തിരൂർ പറഞ്ഞു.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ