റിയാദ്: ഇന്ത്യ ഉൾപ്പടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു.
പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാൽ, ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിൽ പുനഃപരിശോധന ഉണ്ടാകും.
ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ജർമനി, ഇറാൻ അടക്കമുള്ള 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്. കൂടാതെ, ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ നിന്നുള്ള ഉൽപ്പനങ്ങൾക്കും നിരോധനം ബാധകമാണ്.
പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് നീക്കമെന്നാണ് വിശദീകരണം. ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപ്പന്നങ്ങൾക്ക് 2004 മുതൽ നിരോധനം നിലനിൽക്കുന്നുണ്ട്. ഇതിലേക്കാണ് പുതിയ രാജ്യങ്ങളെയും കൂട്ടിച്ചേർത്തത്.
പക്ഷിപ്പനി പോലുള്ള പകർച്ച വ്യാധികൾ റിപ്പോർട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പനങ്ങൾക്കും കർശന സുരക്ഷാ പരിശോധന ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ പൗൾട്രി ഉൽപ്പന്നങ്ങളുടെ പ്രധാന രാജ്യാന്തര വിപണികളിൽ ഒന്നന്നാണ് സൗദി. നിരോധനം ഏർപ്പെടുത്തിയതോടെ ഇതുമായി ബന്ധപ്പെട്ട കമ്പനികൾക്കും അനുബന്ധ വ്യവസായങ്ങൾക്കും തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ പൗൾട്രി ഇന്ത്യയുടെ കണക്കുപ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് കയറ്റുമതി ചെയ്തത് 149 മില്യൻ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ്. മുൻവർഷത്തെ സമാന കാലയളവിൽ ഇത് 71.6 മില്യൻ ഡോളർ മാത്രമാണെന്നും കണക്കുകൾ പറയുന്നു.
Most Read| ‘ദ കേരള സ്റ്റോറി 2’; സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി



































